History Politics

എന്താണ് രാജ്യദ്രോഹം?

എന്താണ് രാജ്യദ്രോഹം? September 13, 2017
sedition laws india

അനിഷ്ട ശബ്ദം തങ്ങൾക്കുമുകളിൽ ഉയരാതിരിക്കാൻ ഇന്ന് പരക്കെ ഉപയോഗിക്കപ്പെടുന്ന രണ്ട് വാക്കുകളാണ് ദേശീയതയും രാജ്യദ്രോഹവും. എവിടെയും എപ്പോഴും എടുത്ത് ഉപയോഗിക്കപ്പെടുന്ന ഈ വാക്കുകൾക്ക് ഭരണഘടനയിൽ ഏറെ പ്രസക്തിയുണ്ട്. ഏറെ കരുതലോടെ ഉപയോഗിക്കേണ്ട ഈ പദങ്ങൾ ജനങ്ങൾക്കിടയിൽ പ്രഹസനമായിക്കൊണ്ടിരിക്കുകയാണ്. എന്നാൽ ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിൽ നാം ഓരോരുത്തരും അറിയണം എന്താണ് രാജ്യദ്രോഹം, എന്താണ് ഐപിസി124 എ. [sedition laws india]

sedition-laws-India

എന്താണ് ഐപിസി 124 എ വകുപ്പ് ?

ആദ്യമറിയുക ഒരു ഇന്ത്യൻ പൗരനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്താൻ സഹായകമാകുന്ന വകുപ്പാണ് ഐപിസി 124 എ.

waves Indian national flag

ഇന്ത്യൻ ശിക്ഷാ നിയമം നടപ്പിൽ വന്നത് 1862 ജനുവരി ഒന്നിനാണ്. മെക്കാളെ 1837ൽ തയ്യാറാക്കിയ കരടുനിയമത്തിലെ സെക്ഷൻ 113 ലായിരുന്നു 124 എ വകുപ്പ് ഉൾപ്പെടുത്തിയിരുന്നത്. 1860 ൽ മെക്കാളെയുടെ നിർദേശങ്ങൾ നിയമമായപ്പോൾ, സെക്ഷൻ 113 ഉപേക്ഷിക്കപ്പെടുകയും 1870ൽ അത് വീണ്ടും പുനസ്ഥാപിക്കുകയും ചെയ്തു.

1898ൽ ഒരു ഭേദഗതി നിയമത്തിലൂടെ ഇന്ത്യൻ പീനൽകോഡിന്റെ ഭാഗമായ 124 എ വകുപ്പ് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ആറാം അധ്യായത്തിൽ സ്റ്റേറ്റിനെതിരായ കുറ്റകൃത്യങ്ങൾ എന്ന വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

ഇത്തരം കേസുകളിൽ കുറ്റക്കാർക്കെതിരെ വിചാരണ നടത്തുന്നത് സെഷൻസ് കോടതിയിലാണ്. ഏറെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതെങ്കിലും ഈ വകുപ്പ് പലപ്പോഴും ദുർവ്യാഖ്യാനം ചെയ്യപ്പെട്ടിട്ടുണ്ടെന്നതാണ് വസ്തുത. ഇപ്പോഴും അത് തുടരുന്നുമുണ്ട്. ഗവണ്മെന്റിനെ വിമർശിക്കുന്ന ആരെയും നിശ്ശബ്ദരാക്കുവാൻ ബ്രിട്ടീഷുകാർ ഈ വകുപ്പ് പ്രയോഗിച്ചതായി ചരിത്രം പറയുന്നു.

എന്താണ് രാജ്യദ്രോഹം ?

ഒരു ജനകീയ സർക്കാരിനെതിരെയുള്ള, ഏതു വിമർശനത്തെയും ഈ വകുപ്പിനുള്ളിൽ കൊണ്ടുവരാമെന്നതാണ് 124 എ യുടെ പ്രത്യേകത.

ഈ വകുപ്പ് പ്രകാരം രാജ്യദ്രോഹത്തിൻറെ നിർവചനം ഇപ്രകാരമാണ്.

എഴുതുകയോ പറയുകയോ ചെയ്യുന്നതായ വാക്കുകളാലോ, ചിഹ്നങ്ങളാലോ, കാണപ്പെടാവുന്ന പ്രാതിനിധ്യം വഴിക്കോ അല്ലെങ്കിൽ മറ്റ് ഏതെങ്കിലും വഴിക്കോ രാജ്യത്തിനെതിരെ വെറുപ്പോ വിദ്വേഷമോ വളർത്തുന്നത് രാജ്യദ്രോഹമാവും.
ഇന്ത്യയുടെ പരമാധികാരത്തെയോ ഐക്യത്തെയോ അഖണ്ഡതയേയോ വെല്ലുവിളിക്കുവാൻ ആർക്കും അനുവാദമില്ല. ഒരാളുടെ പ്രസംഗം, അയാളുടെ സംഘാടനം തുടങ്ങിയവയെല്ലാം ഇതിന്റെ പരിധിയിൽ വരുന്നു.

ഇന്ത്യൻ ഭരണഘടനക്ക് വിരുദ്ധമായി കലാപം ചെയ്യൽ, ഒരു നിയമവിരുദ്ധമായ പ്രവർത്തനത്തിന് അയാൾ പ്രോത്സാഹനം ചെയ്യൽ എന്നിവ ഈ വകുപ്പിൽ ഉൾപ്പെടും.

ഗവണ്മെണ്ടിനോട് ആരെങ്കിലുമൊരാൾക്കു നീരസം തോന്നുകയും ആ നീരസം അയാൾ Handcuff-Indiaപ്രകടിപ്പിക്കുകയും ചെയ്താൽ അയാളെ ജീവപര്യന്തം തടവിലിടാൻ വരെ ഈ വകുപ്പ് മൂലം സാധിക്കും. വിശ്വാസമില്ലായ്മയും (disloyatly) വിദ്വേഷപരമായ വികാരങ്ങളുമൊക്കെ ഈ നീരസ പ്രകടനത്തിൽ ഉൾപ്പെടുന്നു. നിയമം മൂലം സ്ഥാപിതമായ ഗവണ്മെന്റിനോടുള്ള ‘മമതക്കുറവും’ഈ വകുപ്പിന്റെ പരിധിയിൽ ഉൾപ്പെടുന്നതാണ്.

കുറ്റവും ശിക്ഷയും

രാജ്യദ്രോഹ കുറ്റത്തിനുള്ള പരമാവധി ശിക്ഷ ജീവപര്യന്തം തടവും പിഴയും, പിഴ അടച്ചില്ലെങ്കിൽ 3 വർഷം കൂടി തടവുമാണ്. ഈ നിയമത്തിന്റെ ആദ്യ രൂപത്തിൽ നിയമം മൂലം രൂപീകൃതമായ ഭരണകൂടത്തോടുള്ള ‘മമതക്കുറവാണ്’ രാജ്യദ്രോഹമായി നിർവചിച്ചിരുന്നത് എന്നാൽ ഇപ്പോൾ നിലവിലുള്ള നിയമം അനുസരിച്ചു ഒരു പൗരൻ ഭരണകൂടത്തിനെതിരെ വെറുപ്പോ വിദ്വേഷമോ ഉളവാക്കുന്ന പ്രവൃത്തികൾ ചെയ്താൽ ശിക്ഷാർഹമായി തീരുന്നു.

1891 ൽ ജോഗേന്ദ്ര ചന്ദ്രബോസ് കേസിലാണ് ആദ്യമായി ഈ വകുപ്പ് പ്രയോഗിക്കപ്പെട്ടത് . Age of Consent Bill നെയും, ഇന്ത്യൻ ജനതയുടെ മതവികാരങ്ങളെ വ്രണപ്പെടുത്തുന്ന ബ്രിട്ടീഷ് കൊളോണിയൽ നടപടികളെയും വിമർശിച്ചതിനായിരുന്നു അദ്ദേഹത്തിനെതിരെ ഈ വകുപ്പ് ചുമത്തി ബ്രിട്ടീഷുകാർ കേസെടുത്തത്.

1922 ൽ യങ് ഇന്ത്യഎന്ന ജേർണലിൽ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചതിന് ഈ നിയമം അനുസരിച്ചു ബ്രിട്ടീഷുകാർ മഹാത്മാ ഗാന്ധിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തുകയും ആറു വർഷത്തെ തടവിനു ശിക്ഷിക്കുകയുമുണ്ടായി. 1908 ൽ ബ്രിട്ടിഷുകാർ ബാലഗംഗാധര തിലകന്റെ മേൽ ഇതേകുറ്റം ചുമത്തി അദ്ദേഹത്തെ ആറുവർഷത്തെ കഠിനതടവിനു ശിക്ഷിച്ചു. ഒരു പൗരന്റെ സ്വാതന്ത്ര്യം അടിച്ചമർത്താനായി രൂപീകരിച്ച വകുപ്പ് എന്നാണു ഗാന്ധിജി ഈ വകുപ്പിനെക്കുറിച്ച് പറഞ്ഞത്.

ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്രു ഈ നിയമത്തിനെതിരായിരുന്നു. ഈ വകുപ്പ് അങ്ങേയറ്റം എതിർക്കപ്പെടേണ്ടതും നിന്ദ്യവുമാണ്, നാം പാസാക്കുന്ന ഒരു നിയമത്തിലും ഇതിന് സ്ഥാനം ലഭിക്കരുത്. ഈ നിയമം എത്രയും പെട്ടെന്ന് ഒഴിവാക്കുന്നുവോ അത്രയും നല്ലത്, എന്നാണദ്ദേഹം ലോകസഭയിലെ ഒരു പ്രസംഗത്തിൽ അഭിപ്രായപ്പെട്ടത്.

1950 ന് ശേഷം പഞ്ചാബ് ഹൈക്കോടതിയും അലഹബാദ് ഹൈക്കോടതിയും 124 എ വകുപ്പിന് നിയമ പ്രാബല്യമില്ല എന്ന് വിധിച്ചിരുന്നു. എന്നാൽ ഈ വിധികളെ 1962 ലെ കേദാർനാഥ് കേസ്സിൽ സുപ്രീം കോടതി അസാധുവാക്കി. ( AIR 1962 SC 955 ).

legal_low

എന്നാൽ ബല്വന്ത് സിംഗ് കേസിൽ (Balwant Singh And Anr vs State Of Punjab on 1 March, 1995 ) കേവലം വിപ്ലവത്തിനായി വാദിക്കുന്നതോ ഭരണകൂടത്തിനെതിരെ തീക്ഷ്ണമായ എതിർ ശബ്ദം ഉയർത്തുന്നതോ രാജ്യദ്രോഹമാകില്ല എന്നാണ് സുപ്രീം കോടതി നിരീക്ഷിച്ചത്; ഇന്ത്യൻ ഭരണഘടനയിലെ വകുപ്പ് 19 പ്രകാരം വിമർശിക്കാനും അഭിപ്രായം പറയുവാനുള്ള സ്വാതന്ത്ര്യം നമ്മുടെ പൗരന്മാർക്ക് ഉണ്ട്.

ഒരു ജനകീയ സർക്കാരിനെ നിന്ദിച്ചാലോ, വെറുപ്പുളവാക്കുന്ന വിധം എഴുതുകയോ സംസാരിക്കുകയോ ചെയ്താലോ അത് ദേശദ്രോഹമാകുമോ എന്ന ചോദ്യം പലപ്പോഴും കോടതികളിൽ മുഴങ്ങാറുണ്ട്. 1962 ലെ സുപ്രീംകോടതി വിധി പ്രകാരം 124 (എ) വകുപ്പ് പ്രയോഗിക്കണമെങ്കിൽ പ്രഭാഷണമോ, രചനയോ, പ്രവർത്തിയോ വഴി അക്രമമോ, നിയമലംഘനമോ നടത്താൻ പ്രേരിപ്പിച്ചതായി തെളിയണം.

ശ്രീമതി ഇന്ദിരാഗാന്ധിയുടെ വധത്തെ തുടർന്ന് ‘ഖാലിസ്ഥാൻ സിന്ദാബാദ്’ എന്ന് മുദ്രാവാക്യം വിളിച്ച ബൽവന്ദ് സിങ്ങിനെതിരെ ദേശദ്രോഹം ചുമത്തിയ ഒരു കേസ് സുപ്രീംകോടതി പിന്നീട് തള്ളിക്കളയുകയുണ്ടായി.

നിയമ സമാധാനം തകർത്തു അക്രമം നടത്താൻ പ്രേരണ നൽകുന്ന കേസ്സുകളിൽ മാത്രമേ സെക്ഷൻ 124 എ ചുമത്താൻ പാടുള്ളുവെന്ന് കേദാർനാഥ് വേർസ്സ്‌സ് ബീഹാർ സ്റ്റേറ്റ് എന്ന കേസിൽ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട് .

തെളിവില്ലാതെയും ചുമത്തുന്നു രാജ്യദ്രോഹക്കുറ്റം

എന്നാൽ പലഘട്ടങ്ങളിലും വ്യക്തമായ തെളിവില്ലാതെ ഈ വകുപ്പ് ചുമത്തി പോലീസ് കേസ്സ് രജിസ്റ്റർചെയ്യാറുണ്ട്. ഡോ. ബിനായക് സെൻ , അരുന്ധതി റോയ്, എസ് എ പി ഗീലാനി, അസീം ത്രിവേദി, ഉദയകുമാർ , തമിഴ്‌നാട്ടിലെ നാടൻ പാട്ട് കലാകാരൻ കോവൻ തുടങ്ങിയവർ സമീപകാലത്ത് രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ടവരാണ് .
രാഹുല്ഗാന്ധി, സീതാറാം യെച്ചൂരി, അരവിന്ദ് കേജ്രിവാൾ എന്നീ പ്രമുഖരുടെ പേരിലും കേസുകൾ വന്നു.
rajyadroham

2007 ൽ ഛത്തീസ്ഗഡിൽ ദരിദ്രർക്കിടയിൽ സേവനം അനുഷ്ഠിച്ചുവന്ന ഡോ. ബിനായക് സെന്നിനെ രാജ്യദ്രോഹക്കുറ്റം ചുമത്തിയതിന്റെ അടിസ്ഥാനത്തിൽ അവിടെ ജില്ലാ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു . എന്നാൽ 2011 ൽ സുപ്രിം കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിക്കുകയും ദേശദ്രോഹ കുറ്റം നിലനിൽക്കുകയില്ല എന്ന് വിധിക്കുകയും ചെയ്തു.

കാശ്മീർ,മാവോയിസ്റ്റ് വിഷയങ്ങളിൽ അഭിപ്രായ പ്രകടനം നടത്തിയതായിരുന്നു 2010 ൽ എഴുത്തുകാരിയും ചിന്തകയുമായ അരുന്ധതി റോയിക്കെതിരെ കേസെടുത്തത് .
2012 സപ്തംബറിൽ ഒരു രാഷ്ട്രീയ കാർട്ടൂൺ വരച്ചു തന്റെ വെബ് സൈറ്റിൽ അപ്ലോഡ് ചെയ്തത്തിന്റെ പേരിൽ അസീം ത്രിവേദിയെ ജ്യുഡീഷ്യൽ കസ്റ്റഡിയിലെടുത്തിരുന്നു. ഇന്ത്യയിലെ അഴിമതിവിരുദ്ധ പ്രസ്ഥാനത്തെ പരിഹസിച്ചായിരുന്നു ആ കാർട്ടൂൺ.

2014 ആദ്യം മീററ്റിലെ ഒരു സർവകലാശാലയിൽ പഠിച്ചിരുന്ന 67 കാശ്മീരി വിദ്യാര്ഥികൾക്കെതിരെയും രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തു. ഇന്ത്യൻ ക്രിക്കറ്റ് ടീമിനെതിരെ പാകിസ്ഥാൻ വിജയിച്ചപ്പോൾ ആഹ്ലാദ പ്രകടനം നടത്തി എന്നതായിരുന്നു അവർ ചെയ്ത കുറ്റം. വലിയ പ്രതിഷേധം ഉയർന്നതിനെ തുടർന്നു കേസ് പിൻവലിച്ചെങ്കിലും ഈ വിദ്യാർത്ഥികളെ സർവകലാശാലയിൽ നിന്ന് പുറത്താക്കി.

2014 ൽ തിരുവനന്തപുരത്ത് ഒരു തിയറ്ററിൽ ദേശീയഗാനം കേൾപ്പിച്ച സമയത്തു എഴുന്നേക്കാൻ വിസമ്മതിച്ചതിന് ആറ് പേർക്കെതിരെ പൊലീസ് കേസെടുത്തപ്പോൾ മറ്റ് വകുപ്പുകളോടൊപ്പം രാജ്യദ്രോഹക്കുറ്റവും അവർക്കെതിരെ ചുമത്തി.

2016 ഫെബ്രുവരിയിൽ ജെഎൻയുവിലെ വിദ്യാർഥി യൂണിയൻ പ്രസിഡന്റ് കനയ്യ കുമാറിനെ ഈ വകുപ്പുപ്രകാരം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

kanhaiya-kumar-speech-jnu

എന്നാൽ കനയ കുമാർ ഉൾപ്പെടെയുള്ളവർക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയത് വിവാദമായതോടെ 124(എ) യിൽ പുനപരിശോധന നടത്താൻ കേന്ദ്ര സർക്കാർ തയ്യാറായിട്ടുണ്ട് . ഇതിനു വേണ്ടി ഒരു നിയമ കമ്മീഷനെ നിയമിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ലോക് സഭയെ അറിയിച്ചിട്ടുണ്ട്. ഈ വകുപ്പിന്റെ സാധുതയും നിർവചനവും പഠനവിധേയമാക്കാനാണ് കേന്ദസർക്കാർ കമ്മീഷന് നൽകിയിരിക്കുന്ന നിർദേശം. ഇതനുസരിച്ചു 124(എ) വകുപ്പിനെ പറ്റി വിശദമായ പഠനം നടത്തുന്നതിനു നിയമ കമ്മീഷൻ നീക്കം ആരംഭിച്ചിട്ടുണ്ട്

ബ്രിട്ടീഷ് ഭരണകൂടം ഇന്ത്യയിൽ അവരുടെ ആധിപത്യം നിലനിർത്താനും സ്വാതന്ത്ര്യസമരപ്പോരാളികളെ കൽത്തുറുങ്കിലടയ്ക്കാനും കൊണ്ടുവന്ന ഈ നിയമം മനുഷ്യർക്ക് മിണ്ടാനുള്ള സ്വാതന്ത്ര്യം ഇല്ലാതാക്കുന്നു എന്ന കാരണം പറഞ്ഞു 2009 ൽ ബ്രിട്ടണിൽ റദ്ദ് ചെയ്തു.

ഇത്തരം കൗതുകമുണർത്തുന്ന ലേഖനങ്ങൾ ഇനിയുമുണ്ട് അറിവുകളുടെ കലവറയിൽ

History of sedition law in India, Indian sedition act, sedition cases in India, IPC 124-A

ഈ അറിവ് പുതുതാണോ, എങ്കിൽ സുഹുത്തുക്കളുമായി ഷെയർ ചെയ്യൂ... ❤