Feel Good Good News Popular

അച്ഛന് നീതി നിഷേധിച്ച അതേ പദവിയിൽ വർഷങ്ങൾക്ക് ശേഷം മകൾ

അച്ഛന് നീതി നിഷേധിച്ച അതേ പദവിയിൽ വർഷങ്ങൾക്ക് ശേഷം മകൾ October 20, 2017
salem first woman collector

പത്ത് വയസ്സിനുമുന്നേ രോഹിണി തിരിച്ചറിഞ്ഞതാണ് ഒരു കളക്ടർക്ക് ഒരു കുടുംബത്തിൽ വരുത്താവുന്ന മാറ്റം എത്ര വലുതാണെന്ന്. അച്ഛന് ലഭിക്കാനുള്ള ആനുകൂല്യം തടഞ്ഞ് വച്ചത് കൊണ്ട് മാത്രം ബാല്യത്തിൽ അന്യമായി പോയവയുടെ കണക്കായിരുന്നു ആ പെൺകുട്ടിയ്ക്ക് ഓർത്തെടുക്കാൻ ഉണ്ടായിരുന്നത്. അന്ന് അറിഞ്ഞോ അറിയാതെയോ രോഹിണിയുടെ മനസിൽ പതിഞ്ഞ് പോയതാണ് കളക്ടർ എന്ന പദവിയും അതിൻറെ പത്രാസ് മൂലം കരിനിഴലായ ഒരു കുടുംബത്തിന്റെ വൈഷമ്യങ്ങളും.

ഒരു മധുപ്രതികാരത്തിന്റെ കഥ

സാധാരണക്കാരിൽ സാധാരണക്കാരായ കർഷക കുടുംബത്തിലെ അംഗമായിരുന്നു രോഹിണി. കർഷകനെന്ന നിലയിൽ അച്ഛന് കിട്ടേണ്ട തുച്ഛമായ ആനുകൂല്യങ്ങളാണ് അന്ന് കളക്ടർ എന്ന പേരിന് മുന്നിൽ മുടങ്ങിക്കിടന്നത്. ചെരിപ്പു തേയും വരെ അച്ഛന് അതിന്റെ പിന്നാലെ നടക്കുന്നത് കണ്ടാണ് രോഹിണി വളർന്നതും.
Rohini Bhajibhakare

മഹാരാഷ്ട്രയിലെ സോലാപൂരിലെ ആ കർഷകന്റെ കളക്ട്രേറ്റ് യാത്രകൾ അങ്ങനെ തുടർന്നു, വർഷങ്ങൾ പലത് കഴിഞ്ഞു. കൃത്യമായി പറഞ്ഞാൽ 23വർഷങ്ങൾ. ആ പാവാടക്കാരി വളർന്ന് ഒരു മുതിർന്ന പെൺകുട്ടിയായി. ഇന്ന് ഒരു ജില്ല മുഴുവൻ ഭരിക്കുന്ന കളക്ടറാണ് ആ പെൺകുട്ടി.പേര് രോഹിണി ഭാജിബകരെ. തന്റെ അച്ഛനെയും കുടുംബത്തേയും മാനസികമായി വലച്ച ആ കളക്ടർ വഹിച്ച അതേ പദവി!! എന്നാൽ തമിഴ്നാട്ടിലാണെന്ന് മാത്രം. അന്ന് തന്റെ കുടുംബത്തിന് അന്യമായത് ഇനി ഒരു കുടുംബത്തിനും ഉണ്ടാകരുത് എന്ന നിശ്ചയ ദാർഢ്യത്തോടെയാണ് രോഹിണി ഇന്ന് ഈ കസേരയിൽ ഇരിക്കുന്നത്. സേലം ജില്ലയിലെ ആദ്യത്തെ വനിതാ കളക്ടറാണ് രോഹിണി. സേലത്തിന്റെ 170 വർഷത്തെ ചരിത്രത്തിലെ ആദ്യത്തെ വനിതാ ജില്ലാ ഭരണാധികാരി. ഈ വൈകി വന്ന വസന്തത്തെ ആരാധനനയോടെയാണ് സേലം ജില്ലാക്കാർ കാണുന്നത്. കാരണം സമൂഹത്തിന്റെ താഴേത്തട്ടിൽ നിന്ന് ഉയർന്ന് വന്നതിനാൽ സമൂഹത്തിൻറെ എല്ലാ തട്ടിൽ നിന്നുള്ളവരുടേയും പ്രശ്നങ്ങൾ ആഴത്തിൽ മനസിലാക്കാനും ഉൾക്കൊള്ളാനും കഴിയുന്ന ആളാണ് അവരുടെ കളക്ടറമ്മ.

മഹാരാഷ്ട്രയിൽ നിന്നുള്ള കർഷക കുടുംബത്തിലെ അംഗമാണ് രോഹിണി. സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നായി ഹൈസ്ക്കൂൾ വിദ്യാഭ്യാസവും എൻജിനീയറിംഗിൽ ബിരുദവും നേടി. വീട്ടിലിരുന്ന് സ്വപ്രയത്നത്തിലൂടെ സിവിൽ സർവീസും ഈ മിടുക്കി കൈപ്പിടിയിലൊതുക്കി.
Rohini Bhajibhakare collecter അസിസ്റ്റന്റ് കളക്ടർ പദവിയ്ക്കും , മധുര ജില്ലയുടെ ഗ്രാമീണ വികസന പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച പ്രോജക്റ്റ് ഓഫീസറും ആയതിന് ശേഷമാണ് സേലത്തിൻറെ കളക്ടർ പദവിയിലേക്ക് രോഹിണി എത്തുന്നത്.

പ്രാദേശിക ഭാഷ നന്നായി പഠിച്ച ശേഷമാണ് രോഹിണി ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി പ്രവർത്തിച്ച് തുടങ്ങിയത്. ഇന്ന് സേലത്തെ സ്വന്തം അംഗമായി നിന്നാണ് ഇങ്ങോട്ടേക്ക് വികസന പ്രവർത്തനങ്ങൾ രോഹിണി കൊണ്ട് വരുന്നത്. ഒരു ദിവസം ഗ്രാമ സന്ദർശനത്തിനിടെ സർക്കാർ വിദ്യാലയത്തിൽ അധ്യപകരില്ലാഞ്ഞത് ശ്രദ്ധയിൽപ്പെട്ട രോഹിണി ഒന്ന് മുതൽ മൂന്ന് വരെയുള്ള ക്ലാസിലെ വിദ്യാർത്ഥികൾക്ക് തമിഴും ഇംഗ്ലീഷും ക്ലാസ് എടുക്കുകവരെയുണ്ടായി. അന്ന് വരെ സേലം കണ്ടിട്ടില്ലാത്ത ജില്ലാധികാരിയായി രോഹിണി മാറുന്നതിൻറെ ഒരു വശം മാത്രമാണിത്. ആഴ്ചകളിൽ ജനങ്ങളുടെ പ്രശ്നങ്ങൾ കേൾക്കാനും പരിഹരിക്കാനും ശ്രമിക്കുന്ന രോഹിണി ശാരീരിക അവശതകൾ നേരിടുന്നവരെ കാണാൻ പ്രത്യേക സമയവും അനുവദിച്ചിട്ടുണ്ട്.

തന്റെ ഈ ഉയർച്ചയ്ക്ക് രോഹിണി കടപ്പെട്ടിരിക്കുന്നത് രണ്ട് പുരുഷന്മാരോടാണ്. ഒന്ന് തന്രെ അച്ഛൻ രാംദാസ് പാണ്ടുരംഗ ബാജിഭാഗരെ. രണ്ട് മധുര എസ്പിയും തന്റെ ഭർത്താവുമായ വിജേന്ദ്ര ബിടാരി ഐപിഎസ്സ്
ഒന്നും ഇല്ലായ്മയിൽ നിന്ന് രോഹിണി ഇന്ന് വഹിക്കുന്ന പദവിയിലേക്കുള്ള അകലം വളരെ വലുതാണ്.എന്നാൽ നിശ്ചയദാർഢ്യത്തോടെ, ആർജ്ജവത്തോടെ പരിശ്രമിച്ചാൽ ഈ അകലവും ലക്ഷ്യവും തമ്മിലുള്ള അന്തരം വളരെ ചെറുതാണെന്ന് ലോകത്തിന് മുന്നിൽ രോഹിണി സ്വന്തം ജീവിതം കൊണ്ട് തെളിയിച്ചിരിക്കുകയാണ്.

ഇത്തരം കൗതുകമുണർത്തുന്ന ലേഖനങ്ങൾ ഇനിയുമുണ്ട് അറിവുകളുടെ കലവറയിൽ

salem first woman collector | rohini bhajibhakare | salem collector rohini | Tamil Nadu

ഈ അറിവ് പുതുതാണോ, എങ്കിൽ സുഹുത്തുക്കളുമായി ഷെയർ ചെയ്യൂ... ❤