FACTS History Politics

ഒരു യുഗപ്പിറവിയുടെ ഓർമ്മയിൽ

ഒരു യുഗപ്പിറവിയുടെ ഓർമ്മയിൽ July 23, 2017
nelson mandela

വിമോചനം എന്ന വാക്കിന് മണ്ടേല എന്നല്ലാതെ മറ്റൊരു പര്യായം നൽകാനുണ്ടാകില്ല. അത്രയ്ക്ക് ആ ജീവിതത്തിൽ അലിഞ്ഞ് ചേർന്നിരുന്നു ദക്ഷിണാഫ്രിക്കൻ ജനതയുടെ മോചനമെന്ന സ്വപ്നം. ജീവിതം തന്നെ സമരമാക്കിയ യുഗപുരുഷൻ. ജീവിതത്തിന്റെ മുക്കാൽ ഭാഗവും തടവറയിൽ അനുഭവിച്ച് തീർത്ത മാഡിബ ദക്ഷിണാഫ്രിക്കൻ ജനതയ്ക്ക് മാത്രമായിരുന്നില്ല, സ്വാതന്ത്ര്യം മനസ്സിൽ ആവാഹിച്ചവർക്കെല്ലാം യുഗപുരുഷൻതന്നെയായിരുന്നു. ഞാനൊരു വിശുദ്ധനല്ലെന്ന് സ്വയം പ്രഖ്യാപിച്ച മണ്ഡേല, എക്കാലത്തെയും വിശുദ്ധ പ്രതീകമായി മാറി.

ഗാന്ധി ജീവിച്ചകാലത്ത് ജീവിക്കാനായില്ലെന്ന വ്യഥ പലരും മണ്ടേലയുടെ സമകാലീനരാണെന്നതിൽ അലിയിച്ചു.

സുഹൃത്തുക്കളായ ഒലുവർ ടോംബോ, വാൾട്ടർ സിസുലു എന്നിവരുമായി ചേർന്ന് 1944 ൽ മണ്ടേല ആഫ്രിക്കൻ നാഷണൽ കോൺഗ്രസിന് രൂപം നൽകി. കറുത്തവർഗ്ഗക്കാർ ജീവിക്കാൻപോലും അർഹരല്ലെന്ന് കണ്ട് മാറ്റി നിർത്തിയിരുന്ന വർണവെറിക്കെതിരെ ജീവിതം തന്നെ ആയുധമാക്കി മണ്ടേല ഇറങ്ങിത്തിരിയ്ക്കുന്നത് 1952 ലും 1955ലും നടന്ന പ്രക്ഷോഭങ്ങളിൽ പങ്കെടുത്തുകൊണ്ടായിരുന്നു. ആഫ്രിക്കയിൽ വെള്ളക്കാരുടെ ആധിപത്യം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞ എടുത്ത അദ്ദേഹത്തിന്റെ തുടക്കം ഗാന്ധിയൻ സമരമാർഗ്ഗങ്ങളിലൂടെ ആയിരുന്നെങ്കിലും കറുത്തവന്റെ വിമോചനത്തിന് സായുധ മാർഗ്ഗം ആവശ്യമാണെന്ന് മാഡിബ അതിനോടകം തിരിച്ചറിഞ്ഞിരുന്നു.
mandelaവർണവെറിപിടിച്ചവർ മണ്ടേലയെ കമ്യൂണിസ്റ്റ് തീവ്രവാദിയെന്ന് മുദ്രകുത്തുമ്പോഴും അദ്ദേഹത്തിന്റെ ഓരോ വാക്കും പ്രവൃത്തിയും നിലപാടുകളും മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരായ പോരാട്ടങ്ങൾക്ക് ശക്തി പകർന്നുകൊണ്ടിരുന്നു.

അടിമകാളാക്കപ്പട്ട ഉടമകള്‍

രാജ്യത്തെ കറുത്ത വർഗ്ഗക്കാരന് വോട്ടവകാശം പോലും നിഷേധിച്ച ഭരണകൂടമായിരുന്നു ദക്ഷിണാഫ്രിക്കയുടേത്. 1906 ൽ സ്വയംഭരണം ലഭിച്ചതുമുതൽ ബ്രിട്ടന്റെ കോളനിയായിരുന്ന ദക്ഷിണാഫ്രിക്കയുടെ ഭരണം വെള്ളക്കാരുടെ തന്നെ കയ്യിലായിരുന്നു. 1948 ൽ അധികാരത്തിലെത്തിയ വെള്ളക്കാരുടെ നാഷണൽ പാർട്ടി നടപ്പിലാക്കിയ ഓരോ നയവും കറുത്തവർഗ്ഗക്കാരുടെ അവകാശങ്ങളെ തല്ലിക്കെടുത്തുന്നതായിരുന്നു. വിദ്യാഭ്യാസം, തൊഴിൽ,ഗതാഗതം, തുടങ്ങിയ സുപ്രധാന മേഖലകളിലെല്ലാം വെള്ളക്കാരുടെ പ്രാതിനിധ്യം ഊട്ടി ഉറപ്പിച്ച ഭരണകൂടം വെള്ളക്കാരല്ലാത്തവർക്ക് ഭൂമിയുടെ മേൽ അവകാശമില്ലെന്ന് തീർപ്പാക്കി. അവരുടെ അധിവാസ മേഖലയിൽ സ്വന്തം രാജ്യത്ത് കറുത്തവ വർഗ്ഗക്കാർ അന്യരായി. ഈ കാലഘട്ടത്തിലാണ് മണ്ടേല തന്റെ പ്രതിഷേധ സമരവുമായി രംഗപ്രവേശം ചെയ്യുന്നത്.

മണ്ടേലയുടെ ലക്ഷ്യം

കറുത്തവരുടെ മോചനം എന്നതിലുപരി, കറുത്തവർഗ്ഗത്തോടുള്ള വിവേചനം ഒഴിവാക്കി, കറുത്തവരും വെളുത്തവരും തുല്യരായി പരിഗണിക്കപ്പെടുന്ന സാർവ്വത്രിക സാമൂഹമായിരുന്ന മണ്ടേല വിഭാവനം ചെയ്തത്. വെള്ളക്കാരുടെ കിരാത നിയമം അനുസരിക്കില്ലെന്ന് പറഞ്ഞ മണ്ടേലയെ അവരുടെ പോലീസും കോടതികളും നിഷ്‌കരുണം വേട്ടയാടി. എന്നാൽ പിടികൊടുക്കാതെ മണ്ടേല മൊറോക്കോയിലേക്കും പിന്നീട് എത്യോപ്യയിലേക്കും പാലായനം ചെയ്തു. ആയുധ പരിശീലനം നേടിയെടുക്കാൻ വേണ്ടിയുള്ള താൽക്കാലിക പിന്മാറ്റമായിരുന്നു അത്. 4 വർഷത്തിന് ശേഷം തിരിച്ചെത്തിയ മണ്ടേലയെ പാസ്‌പോർട്ടില്ലാതെ രാജ്യം വിട്ടെന്ന പേരിൽ പോലീസ് അറസ്റ്റ് ചെയ്തു. കമ്യൂണിസ്റ്റ് അടിച്ചമർത്തൽ നിയമപ്രകാരമുള്ള കുറ്റങ്ങൾ ചുമത്തി വിചാരണ ചെയ്യപ്പെട്ടു.

1964 ൽ പ്രിട്ടോറിയയിൽ വിചാരണയ്ക്കിടെ മണ്ടേല നടത്തിയ പ്രസംഗം വിമോചനസമരത്തിന്റെ തന്നെ നാഴികക്കല്ലാകുകയായിരുന്നു.
ആഫ്രിക്കൻ ജനതയുടെ പോരാട്ടത്തിനായി ഞാൻ എന്റെ ജീവിതം സമർപ്പിക്കുന്നു. വെളുത്തവന്റെ അധീശത്വത്തിനും കറുത്തവന്റെ അധീശത്വത്തിനും എതിരെ ഞാൻ പോരാടി. ഏവരും സമത്വത്തോടെയും സൗഹാർദ്ദത്തോടെയും ഒരുമിച്ച് ജീവിക്കുന്ന സ്വതന്ത്ര ജനാധിപത്യ രാജ്യമാണ് ഞാൻ ആഗ്രഹിക്കുന്നത്. ജീവിക്കാനും നേടാനും ആഗ്രഹിക്കുന്നത് അത്തരമൊരു ആദർശ രാജ്യമാണ്. അതിന് വേണ്ടി മരിക്കാനും തയ്യാറാണ്…

ഇരുമ്പഴിക്കുള്ളിൽ 27 വർഷം

സ്വാതന്ത്ര്യമില്ലാത്തവന് ജയിലറയും മരണവും ഒരുപോലെയെന്ന മണ്ടേലയുടെ പ്രഖ്യാപനം 27 വർഷം ജനങ്ങൾക്ക് ജയിലിന് പുറത്ത് പ്രവർത്തിക്കാനുള്ള ഊർജ്ജം കൂടിയായിരുന്നു. ക്രൂരതയുടെ പര്യായമായിരുന്ന റോബിൻ ദ്വീപിലെ ഒമ്പതടി നീളത്തിലും ഏഴടി വീതിയുള്ള സെല്ലിൽ 46664ആം നമ്പറുകാരനായി വെറും നിലത്ത് കിടന്ന് ആ മനുഷ്യൻ സ്വാതന്ത്ര്യം സ്വപ്നം കണ്ടു.

പകൽ മുഴുവൻ കുഴഞ്ഞ് വീഴും വരെ ചുണ്ണാമ്പ് മലയിൽ പണിയെടുത്തും സ്വാതന്ത്ര്യമെന്ന ലക്ഷ്യത്തെ തേച്ചുമിനുക്കിയും മണ്ടേല കഴിഞ്ഞു. 18 വർഷത്തെ റോബിൻ ജയിലിലെ വാസത്തിന് ശേഷം 1982 മാർച്ചിൽ മണ്ടേലയെ പോൾസ്മൂർ ജയിലിലേക്ക് മാറ്റി. രാജ്യത്തിനെതിരായ നീക്കങ്ങളിൽനിന്ന് പിന്മാറിയാൽ ജയിൽ മോചിതനാകാമെന്ന വാഗ്ദാനം ഭരണകൂടം മുന്നോട്ട് വച്ചിട്ടും ആ സമരവീര്യത്തെ അടിയറവ് പറയിക്കാനായില്ല.

വെള്ളക്കാരിൽനിന്ന് സ്വതന്ത്രരായി അവരെ അടക്കി ഭരിച്ച് പകരം വീട്ടുകയായിരുന്നില്ല മണ്ടേലയുടെ ലക്ഷ്യം. പകരം എല്ലാവരും തുല്യരായി ജീവിക്കുന്ന ആഫ്രിക്കയായിരുന്നു ആവശ്യം.

ഉയിർത്തെഴുന്നേൽപ്പിന്റെ ഞായർ

1990 ഫെബ്രുവരി 11 ഞായറാഴ്ച വൈകുന്നേരം 4.17 ന് ജയിൽ കവാടം തുറന്ന് ആഫ്രിക്കൻ സൂര്യൻ ഒരു ജനതയുടെ മുഴുവൻ ഇരുട്ടിലേക്ക് വെളിച്ചമായി ഉയിർത്തെഴുന്നേറ്റു. തന്നെ കാത്തുനിന്ന പ്രിയ ആഫ്രിക്കൻ ജനതയ്ക്കും അനേകം മാധ്യമപ്രവർത്തകർക്കും മറ്റനേകം പേർക്കും മുന്നിൽ ചുരുട്ടിയ മുഷ്ടി ഉയർത്തി പിടിച്ച് അഭിവാദ്യം ചെയ്തുകൊണ്ട് അദ്ദേഹം ഇങ്ങനെ പറഞ്ഞു

ജയിൽ മോചിതനായി എന്നതിലുപരി ഞാൻ സന്തോഷിക്കുന്നത് എന്റെ നിലപാടുകളിൽനിന്ന് ഒരിക്കൽപ്പോലും മാറിചിന്തിക്കാൻ എന്റെ മനസ്സ് അനുവദിച്ചില്ല എന്നതിലാണ്.

ജയിൽ മോചിതനായ മണ്ടേല ആഫ്രിക്കൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷനായി. പിന്നീട് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ 1994 ൽ ദക്ഷിണാഫ്രിക്ക എല്ലാ വിഭാഗം ആളുകൾക്കും വോട്ടവകാശം നൽകിക്കൊണ്ടുള്ള ആദ്യ തെരഞ്ഞെടുപ്പിന് സാക്ഷിയായി. മണ്ടേല ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റായി ചുമതലയേറ്റു. 1999 വരെ അധികാരത്തിൽ തുടർന്ന മണ്ടേല പിന്നീട് അധികാരമൊഴിഞ്ഞ് രാജ്യത്തിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ തുടർന്നു. ഭരണത്തിനായി നേതാക്കൾ കടിപിടികൂടുന്ന ലോകത്ത് അധികാരം ഒരിക്കലും തന്നെ മോഹിപ്പിച്ചിട്ടില്ലെന്ന് തെളിയിക്കുകയായിരുന്നു ആ ഇതിഹാസം.
2013 ഡിസംബർ 5 ന് ഈ ലോകത്തോട് വിടപറയുന്നത് വരെയുള്ള തന്റെ ശിഷ്ടകാലം മാഡിബ ജീവിച്ച് തീർത്തത് എയിഡ്‌സ് രോഗത്തെ ഉന്മൂലനം ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് വേണ്ടിയായിരുന്നു.

മാഡിബ എന്നാൽ സ്വാതന്ത്ര്യം എന്ന് ആ ഇതിഹാസ തുല്യമായ ജീവിതം ഓരോ നിമിഷവും ലോകത്തിന് കാണിച്ചുകൊടുത്തുകൊണ്ടിരുന്നു. ആപ്പോഴും താൻ ഒരു വിശുദ്ധനല്ലെന്ന് ഉറക്കെ പറയാൻ മടിക്കാത്ത ആ യുഗപുരുഷൻ സ്വയം വിമർശന വിധേയമാക്കി ജീവിതത്തെ ശുദ്ധീകരിച്ചുകൊണ്ടിരിക്കുകയായിരുന്നു…

അയ്യപ്പപണിക്കർ പ്രാവുകൾ പറക്കുമ്പോൾ എന്ന കവിതയിൽ ഇങ്ങനെ കുറിച്ചു…
ഒരു പ്രാവ് പറന്ന് പോകുന്നു… മറ്റൊരു പ്രാവ് അതിന്റെ പിറകെ പോകുന്നു…പ്രാവുകൾ ഒന്നല്ല രണ്ടല്ല ഒരു വലിയ കൂട്ടം തന്നെ നിരന്ന് പരന്ന് വിരിഞ്ഞ് ഒഴുകിപ്പോകുന്നു അവ ഒരു ചിത്രം വരയ്ക്കുന്നു…ആകാശമധ്യത്തിൽ ആ ചിത്രം മണ്ടേലയുടെ മുഖത്തെ ഓർമ്മിപ്പിക്കുന്നു…

ഇത്തരം കൗതുകമുണർത്തുന്ന ലേഖനങ്ങൾ ഇനിയുമുണ്ട് അറിവുകളുടെ കലവറയിൽ

Nelson mandela biography, Nelson mandela day

ഈ അറിവ് പുതുതാണോ, എങ്കിൽ സുഹുത്തുക്കളുമായി ഷെയർ ചെയ്യൂ... ❤