Feel Good

കടലും പുഴയും കായലും താണ്ടി നമുക്കായി മാത്രം വന്ന വരികൾ

കടലും പുഴയും കായലും താണ്ടി നമുക്കായി മാത്രം വന്ന വരികൾ October 10, 2017
letter writing nostalgia

സ്‌കൂളിലേക്ക് പോകുന്ന വഴിയിൽ അങ്ങാടിയിലെ റേഷൻ കടയോട് ചേർന്നുള്ള തൂണിൽ കമ്പിയിൽ കുരുക്കിയിട്ട ഒരു ചുവന്ന കുപ്പായക്കാരൻ ഉണ്ടായിരുന്നു. വെയിലിലും മഴയിലുമെല്ലാം അവൻ അവിടെത്തന്നെ ഉണ്ടാകും. വാ പൊളിച്ച് പ്രിയപ്പെട്ടവരുടെ സന്ദേശങ്ങളെ സന്തോഷത്തോടെ സ്വീകരിച്ച് വയറ് നിറയ്ക്കുന്ന ആ പെട്ടിയെ നോക്കി അത്ഭുതപ്പെട്ടിട്ടുണ്ട്, ഈ കുടവയറിലിട്ടുകൊടുക്കുന്ന സന്ദേശങ്ങളാണ് കുടയുമായി ആ കാക്കി കുപ്പായക്കാരൻ വീട്ടിൽ കൊണ്ടുവരുന്നതെന്ന് അറിഞ്ഞ നിമിഷം മുതൽ. അതുവരെ എന്തിനാ ഇങ്ങനെ ഒരു പെട്ടി എന്ന കൗതുകമായിരുന്നു. അവന്റെ വിക്രിയകളറിഞ്ഞപ്പോൾ ആ കൗതുകം ജിജ്ഞാസയായി. എങ്ങനെ ഇത് എന്റെ വീട്ടിലേയ്ക്കും കൂടെ ഉള്ള കൂട്ടുകാരുടെ വീട്ടിലേയ്ക്കുമെല്ലാം കത്ത് കൊണ്ടുവരുന്നു.

അന്ന് അതൊന്നും ആരോടും ചോദിച്ചില്ല. എന്നാൽ അതിലും വലിയൊരു സംശയമായിരുന്നു എന്നെ അലട്ടിയത്. എല്ലാവർക്കും കത്ത് കൊണ്ടുവരുന്ന, ആ ചുവന്ന പെട്ടിയും പോസ്റ്റ്മാനും എന്താ എനിയ്‌ക്കൊരു കത്ത് കൊണ്ടുവരാത്തത്.

indian post man vectorഒരിക്കൽ പോസ്റ്റ്മാമനെ പിടിച്ച് വച്ച് ഞാൻ ചോദിച്ചു. ആ നിഷ്‌കളങ്കമായ ചോദ്യം കേട്ടിട്ടും എന്തോ സിനിമാ കഥപോലെ എന്റെ പേരിലൊരു കത്തെങ്കിലുമെഴുതിയിടാൻ അയാൾക്കോ ഈ ചോദ്യം കേട്ട് ചിരിക്കാറുള്ള അച്ഛനോ അമ്മയ്‌ക്കോ തോന്നിയില്ലല്ലോ.. ഇത് പോലെ എല്ലാവർക്കും കാണും ആ ചുവപ്പെൻപെട്ടി ഉണർത്തുന്ന ഗൃഹാതുര ഓർമ്മകൾ…

അങ്ങ് ദൂരെ ദൂരെ കണ്ണെത്താ ദൂരത്തിരുന്നു നമ്മെ ഓർക്കുന്ന പ്രിയപ്പെട്ടവന്റെ അല്ലെങ്കിൽ പ്രിയപ്പെട്ടവളുടെ മകന്റെ മകളുടെ സുഹൃത്തുക്കളുടെ ഒക്കെ കത്ത് കാത്തിരുന്ന ഒരു കാലം ഇന്നത്തെ തലമുറയ്ക്ക് വിരളമായിരുന്നെങ്കിലും മുൻതലമുറയ്ക്ക് അത് സുഖമുള്ള ഓർമ്മ തന്നെയാണ്.

girl witting letter

ഞങ്ങൾ കോഴിക്കോട്ടുകാർക്ക് ഓരോ വീട്ടിലും കത്തുമായി വരാൻ പോസ്റ്റ്മാൻ ഒരു കാരണമുണ്ടായിരുന്നു. ഒരു ബന്ധുവെങ്കിലും ഗൾഫിലില്ലാത്ത മലബാറുകാരില്ലെന്ന് ആർക്കാണ് അറിയാത്തത്. പോയിപ്പറയൽ കോളുകളുടെ കാലത്തും ഇൻലന്റിൽ വരുന്ന പ്രിയപ്പെട്ടവരുടെ കത്തുകൾ സൂക്ഷിച്ചുവച്ച് ഇടയ്ക്കിടയ്ക്ക് എടുത്തു വായിക്കുന്ന എത്ര പേരുണ്ടായിരുന്നന്നോ.

അമ്മാവൻ ഗൾഫിൽനിന്ന് അയക്കുന്ന കത്തുകൾ ഇടയ്ക്കിടയ്ക്ക് എടുത്തുവായിക്കുന്ന കല്യാണ പുതുക്കം മാറാത്ത അമ്മായിയുടെ നാണത്തിന്റെ അർത്ഥം അന്നെനിക്ക് അറിയില്ലായിരുന്നു. ആ കൗതുകത്തിന് കത്ത് കട്ടെടുത്തതും വായിക്കും മുമ്പ് അമ്മായി ചെവിയ്ക്ക് പിടിച്ചതും ഇന്ന് ഓർക്കുമ്പോൾ രസമുള്ള തമാശകൾ.

ഗൾഫിൽനിന്ന് ധൃതിയിലെത്തി പെണ്ണുകെട്ടി വിരുന്നും ആഘോഷവും തീരുംമുമ്പ് ലീവും തീർന്ന് ഗൾഫിലേക്ക് പോകുന്നവർക്ക് കത്തുകൾതന്നെയായിരുന്നു ആശ്വാസം. അവരെ കാത്തരിക്കുന്ന പുതുക്ക പെണ്ണുങ്ങൾക്ക് ഭർത്താവിൽനിന്ന് കത്ത് കിട്ടുന്നത് സുവർഗ്ഗം കിട്ടിയ സന്തോഷവും.
‘ഇന്ന് ഓരുടെ കത്ത് ണ്ടാരുന്നു. അന്നെ പറ്റ്യൊക്കെ ചോയിച്ചിണ്ട്’ എന്ന് പലരും അങ്ങോട്ടുമിങ്ങോട്ടും പറയുന്നത് എന്ത് ഗമയിലായിരുന്നെന്നോ…

തിരിച്ച് ഗൾഫിലേക്കും ഇൻലന്റ് വാങ്ങി
‘എത്രയും ബഹുമാനപ്പെട്ട..’
എന്ന് എഴുതി തുടങ്ങി
‘എന്ന് സ്വന്തം..’
എന്നെഴുതി അവസാനിപ്പിക്കുന്നതുവരെയള്ള ഓരോ വാക്കിനിടയിലും അത്രയും നാളത്തെ കാത്തിരിപ്പിന്റെയും വിരഹത്തിന്റെയും വാത്സല്യത്തിന്റെയുമെല്ലാം വിവധ ഭാവങ്ങൾ ഒളിഞ്ഞിരിപ്പുണ്ടായിരുന്നു. ഇന്ന് എന്തെങ്കിലുമൊന്ന് പറഞ്ഞ് അടുത്ത നിമിഷം ഫോൺ കട്ട് ചെയ്തും വാട്‌സ്ആപ്പിൽ ബ്ലോക്ക് ചെയ്തും പോകുന്ന തലമുറയ്ക്ക് പ്രണയം മണക്കുന്ന വിരഹം കെട്ടി നിൽക്കുന്ന കത്തുകളുടെ ആർദ്രത മനസ്സിലാകണമെന്നില്ല.

girl using mobile

വീഡിയോ ചാറ്റും മെസ്സെഞ്ചർ ആപ്പുകളുമുള്ള ഇന്നത്തെ കാലത്ത് ഒരു കത്തെഴുതാൻ സമയം കണ്ടെത്തുന്ന എത്ര പേരുണ്ടാകും അല്ലേ… അല്ലെങ്കിൽ ആ ഹൃദയംകൊണ്ടെഴുതിയ വരികൾ കാത്തിരുന്ന് വായിക്കാൻ ഭാഗ്യം കിട്ടിയ എത്ര പുതുതലമുറക്കാരുണ്ട്. വീട്ടിലുള്ള മുതിർന്നവരോടൊന്ന് ചോദിക്കുക പോസ്റ്റ് മാനെ കാത്തിരിക്കുമ്പോൾ, ആ സൈക്കിളിന്റെ ബെല്ലോ കാലൻകുട മതിലിനപ്പുറം തെളിയുന്നതോ കാണുമ്പോൾ ഉള്ളിൽ തിരതല്ലിയുരുന്ന സന്തോഷക്കടൽ എത്രമാത്രമായിരുന്നുവെന്ന്.

ഇടയ്‌ക്കെങ്കിലും എന്റെ പ്രിയപ്പെട്ടവന് ഞാൻ കത്തെഴുതാറുണ്ട്. മറ്റൊന്നിനും വേണ്ടിയല്ല, അത് വായിക്കുമ്പോൾ ഞാൻ അടുത്തുണ്ടായിരുന്നുവെങ്കിലെന്ന് അവൻ ഓർക്കുമെന്നും ഒരു നിമിഷം ആ പ്രണയത്തിന്റെ തീവ്രത മറ്റെന്തിനേക്കാൾ ഉയരുമെന്നും അത്രമേൽ ഉറപ്പുള്ളതുകൊണ്ട്….
indian girl writting love letter
ഇത്രയ്ക്ക് എന്ത് ഫീൽ എന്ന് ആലോചിക്കുന്നുണ്ടെങ്കിൽ ഓടിപ്പോയി ഒരു പേനയും പേപ്പറുമെടുത്ത് മനസ്സിൽ ആദ്യം തോനുന്ന ഒരാൾക്ക് ഇഷ്ടമുള്ളതത്രയും എഴുതി അയക്കൂ… അവസാനത്തെ വരിയുമെഴുതി കഴിയുമ്പോഴേക്കും നിങ്ങൾക്ക് അനുഭവപ്പെടുന്നത് ഒരു വാട്‌സ്ആപ്പിനും ഇമെയിലിനും നൽകാനാകാത്ത അനുഭവമായിരിക്കുമെന്ന് തീർച്ച….

ഇത്തരം കൗതുകമുണർത്തുന്ന ലേഖനങ്ങൾ ഇനിയുമുണ്ട് അറിവുകളുടെ കലവറയിൽ

letter writing nostalgia

ഈ അറിവ് പുതുതാണോ, എങ്കിൽ സുഹുത്തുക്കളുമായി ഷെയർ ചെയ്യൂ... ❤