FACTS

തലയറുത്തിട്ട പേനകൾ ചിലച്ച് തുടങ്ങുന്നു…!

തലയറുത്തിട്ട പേനകൾ ചിലച്ച് തുടങ്ങുന്നു…! September 27, 2017
freedom of expression - gouri lankesh

മടിയിൽ കനമുള്ളവന്റെ കയ്യിൽനിന്ന് കിട്ടിയ അച്ചാരംകൊണ്ട് വാങ്ങിയ മഷി പുരട്ടിയെടുക്കുന്ന അച്ചിൽ ചുട്ടെടുക്കുന്നതല്ല നട്ടെല്ലുള്ള ഒരു മാധ്യമ സ്ഥാപനത്തിന്റെയും വ്യക്തിയുടെയും മാധ്യമ പ്രവർത്തനം. ആയിരം പേർ പണക്കിഴികളുടെ രാഷ്ട്രീയം പറയുമ്പോഴും നട്ടെല്ല് പണയം വയ്ക്കാത്ത ഒരാളെങ്കിലുമുണ്ടെന്ന് ലോകത്തിന് കാണിച്ച് തന്നതിന്റെ പ്രതിഫലമായിരുന്നു വെടിയുണ്ടകളായി ഗൗരി ലങ്കേഷ് സെപ്തംബർ നാലിന് ഏറ്റുവാങ്ങിയത്.

ഫോർത്ത് എസ്‌റ്റേറ്റ് എന്നതിനെ നാലമിടം എന്നുമാറി നാലാംലിംഗക്കാരെന്ന് സംബോധന ചെയ്യാൻ ഇടമൊരുക്കിയ ഒരു വിഭാഗവും സ്വന്തം പേനയ്ക്ക് വാളിനേക്കാൾ മൂർച്ചയുണ്ടെന്ന് തിരിച്ചറിഞ്ഞ് തിന്മയെ കൊയ്യാനിറങ്ങിയ മറുപക്ഷവും സമൂഹത്തിൽ സമാന്തരമായി സഞ്ചരിയ്ക്കുമ്പോൾ അറുത്തെടുക്കുന്നത് തന്റേടത്തിന്റെ, സ്വാതന്ത്ര്യത്തിന്റെ മഷി പുരട്ടിയ പേനകളാണെന്നതിൽ അത്ഭുതമില്ല…
gauri lankesh - protest

കൽബുർഗിയും പൻസാരെയും അതിന് മുമ്പ് ധാബോൽക്കറും ഇപ്പോൾ ഗൗരി ലങ്കേഷും ഇന്ത്യയിൽ കൊലചെയ്യപ്പെട്ടു. സ്വന്തം വിശ്വാസം, സ്വാതന്ത്ര്യം, മനസ്സാക്ഷി എന്നിവ ആരുടെ മുന്നിലും പണയം വച്ചില്ലെന്നതായിരുന്നു അവർ ചെയ്ത കുറ്റം. യഥാർത്ഥത്തിൽ ഇത് എവിടെനിന്ന് ആരംഭിച്ചു ?
ഒരു നിമിഷം ഗാന്ധിജിയെ കുറിച്ച് ഓർത്തില്ലേ…
ആശയങ്ങളെ ആഹ്വാനമാക്കി ഒരു ജനതയെ ഒറ്റ മുദ്രാവാക്യത്തിന് മുന്നിൽ പിടിച്ചുനിർത്തിയ ഇന്ത്യയുടെ രാഷ്ട്രപിതാവിനെ തോക്കിന് ഇരയാക്കി. ബ്രിട്ടീഷ് തോക്കിന് മുമ്പിൽ കുനിയാത്ത ആ ശരീരം സ്വന്തം രാജ്യത്തെ ഒരു തീവ്രവാദിയുടെ വിറയ്ക്കാത്ത കയ്യിന്റെ വിക്രിയയ്ക്ക് ഇരയായി.

എന്നും എവിടെയും അധികാരത്തിന്റെ വീഞ്ഞിൽ കുളിച്ച് നിൽക്കുന്നവരെ / അധികാരം മോഹിച്ച് പറന്നു നടക്കുന്നവരെ എതിർപ്പുകൾ അസഹിഷ്ണുക്കളാക്കും…

ഓർമ്മയില്ലേ രാമകൃഷ്ണപിള്ളയേ, സ്വദേശാഭിമാനി…

രാജ്യത്തെ സ്‌നേഹിച്ചാൽ മതിയെന്നും രാജാവിനെ സേവിക്കേണ്ടതില്ലെന്നും പത്രപ്രവർത്തനത്തിലൂടെ
ആർക്കുമുന്നിലും നട്ടെല്ല് വളക്കില്ലെന്നും വ്യക്തമാക്കിയതിന് സ്വദേശാഭിമാനി പത്രത്തിന്റെ പത്രാധിപരായിരുന്ന രാമകൃഷ്ണപിള്ളയെ നാടുകടത്തിയിട്ട് 107 വർഷങ്ങൾ പിന്നിടുന്നു…

രാമകൃഷ്ണ പിള്ള പത്രപ്രവർത്തനത്തിലേക്ക് കടക്കുന്നതുവരെ രാജാവിനെ വിമർശിക്കുന്ന ഒരു പത്രമോ മാധ്യമ പ്രവർത്തനമോ മലയാളത്തിന് ചിന്തിക്കാനാകുമായിരുന്നില്ല. അന്ന് നിലനിന്നിരുന്ന തിരുവിതാംകൂർ രാജഭരണത്തെ സ്വദേശാഭിമാനി നിശിതമായി വിമർശിച്ചു. അത് ചെന്നു കൊണ്ടത് മഹാരാജാവിന്റെ വിശ്വസ്തനായിരുന്ന ശങ്കരൻ തമ്പിയിലായിരുന്നു. മഹാരാജാവിന്റെ ഭരണപരമായ പാളിച്ചകളും വ്യക്തിപരമായ അപാകതകളും ചൂണ്ടിക്കാണിക്കാനും രാമകൃഷ്ണപിള്ളയ്ക്ക് ഭയമില്ലായിരുന്നു. രാജഭരണത്തിൽ ജനങ്ങൾ പ്രജകൾ മാത്രമായിരുന്ന കാലഘട്ടത്തിൽ സ്വദേശാഭിമാനിയിലെ ലേഖനങ്ങൾ രാഷ്ട്രീയ ലോകത്തേക്കുള്ള ചുവടുവെപ്പ് കൂടിയായിരുന്നു.

Swadeshabhimani_Ramakrishna_Pillaiരാജ നന്മയ്ക്ക് വേണ്ടി ശങ്കരൻ തമ്പിയെ നാടുകടത്തരുതോ എന്ന സ്വദേശാഭിമാനിയിലെ മുഖപ്രസംഗം രാമകൃഷ്ണപിള്ളയ്ക്ക് തന്നെ തിരിച്ചടിയായി. എന്നാൽ രാമകൃഷ്ണപിള്ളയെ നാടുകടത്തിയാൽ പോരെ എന്ന് അധികാരി വർഗ്ഗം ആലോചിച്ച് തുടങ്ങി. അന്നത്തെ ദിവാനായിരുന്ന പി രാജഗോപാലാചാരിയെ വിമർശിക്കുന്ന ലേഖനങ്ങൾ നിരന്തരമായി നൽകിയതോടെ ഇത് നടപ്പിലാക്കുകയും ചെയ്തു. രാമകൃഷ്ണ പിള്ളയുടെ പ്രവർത്തികളിൽ പ്രകോപിതനായ ദിവാൻ 1910 സെപ്തംബർ 26 ന് രാമകൃഷ്ണപിള്ളയെ നാടുകടത്തി, തനിയ്‌ക്കെതിരെയുള്ള സ്വരം പുറത്തുവന്ന വാതിൽ കൊട്ടിയടച്ചു.

അന്നുവരെ സ്വദേശാഭിമാനിയിൽ പ്രസിദ്ധീകരിച്ച ഓരോ വാചകത്തിനും പൂർണ്ണ പിന്തുണയുമായി സ്വദേശാഭിമാനിയുടെ ഉടമയായ വക്കം അബ്ദുൾ ഖാദർ മൗലവിയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു എന്നതും വിസ്മരിക്കാനാകില്ല.

അന്ന് നാടുകടത്തിയവർ ഇന്ന് കൊലയാളികളാകുന്നു

107 വർഷങ്ങൾക്ക് മുമ്പ് നടന്ന നാടുകടത്തലിന്റെ ഓർമ്മ ദിവസം നമുക്ക് മുമ്പിലൂടെ കടന്നുപോകുന്ന മുഖങ്ങൾ മറ്റ് പലരുടേതും കൂടിയാണ്. 100 വർഷങ്ങൾക്ക് മുമ്പ് അസഹിഷ്ണുത നാടുകടത്തലിലെത്തിച്ചെങ്കിൽ ഇന്ന് കൊലപാതകത്തിലാണ് ചെന്നു നിൽക്കുന്നത്. തങ്ങൾക്ക് അപ്രിയമായത് ആരുപറഞ്ഞാലും പ്രവർത്തിച്ചാലും കൊന്നു തള്ളുകയാണ് വായടയ്ക്കാനുള്ള എളുപ്പവഴി.

പേനയിൽ പുരണ്ട മഷി ഒലിച്ചിറങ്ങാതിരിക്കാൻ അവരുടെ രക്തം കുടിച്ചു വറ്റിക്കുകയാണ് അക്രമികൾ. രാജ്യത്തെ അസഹിഷ്ണുതയ്‌ക്കെതിരെ ഒറ്റയാൾ പോരാട്ടം നടത്തിയ, സ്വന്തമായി പത്രമാരംഭിച്ച, ആരോടും അടിയറവ് പറയാത്ത ഗൗരി ലങ്കേഷ്, സ്വന്തം അഭിപ്രയാത്തിൽ കാരിരുമ്പ് പോലെ ഉറച്ചു നിന്ന കൽബുർഗി, അങ്ങനെ നിരവധി പേർ ആ നാവടക്കലിന്റെ ഇരകളായി…

ജീവിച്ചിരിക്കുന്ന എത്രയോ പേർ ഇപ്പോൾ ഒരു കൊലപാതകത്തിന് തുല്യമായ പീഡനങ്ങൾ അനുഭവിക്കുന്നു. സ്വന്തം ജീവിതത്തിന്റെ ഭാഗമായ എഴുത്ത് നിർത്താൻ പെരുമാൾ മുരുകൻ തീരുമാനിച്ചെങ്കിൽ അത് അദ്ദേഹത്തിന് മരണത്തിന് തുല്യമായ വേദനയയാിരുന്നിരിക്കില്ലേ… കഥയെ കഥയായും ചരിത്രത്തെ ചരിത്രമായും കാണാനാകാത്തവർ മുരുകന്റെ കയ്യിലെ പേന കുത്തി ഉടയ്ക്കുകയായിരുന്നു…

പ്രശസ്ത ചിന്തകൻ കാഞ്ച ഏലയ്യയ്ക്ക് നേരെ ഇപ്പോൾ നടക്കുന്നതും മറിച്ചൊന്നല്ല. അദ്ദേഹത്തിന്റെ ‘കോളത്തൊള്ളു സാമാജിക സ്മഗളരു’ (വൈശ്യാസ് ആർ സോഷ്യൽ സ്മഗ്‌ളസ് ) എന്ന പുസ്തകത്തിലെ പരാമർശത്തിന്റെ പേരിലാണ് വൈശ്യരുടെ ആക്രമണത്തിന് പാത്രമായത്. തങ്ങൾക്ക് അപ്രിയമായത് മറ്റൊരാൾ പറയരുതെന്ന് സ്വയം ശഠിക്കുന്നവരുടെ ഒരു കൂട്ടമായി ഇന്ത്യ മാറിക്കൊണ്ടിരിക്കുന്നതാണ് തുടർച്ചയായി കണ്ടുവരുന്നത്.

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് കത്തി വയ്ക്കുമ്പോൾ

സെൻസർ ബോർഡിലെ കത്തി വയ്ക്കൽ മുതൽ രാഷ്ട്രീയ കൊലപാതകങ്ങളും ആഹാര അസ്വാതന്ത്ര്യവും വിദ്യാഭ്യാസ അസമത്വവുമടക്കം എല്ലാം ഒപ്പം ചേർത്തു വായിക്കാം.. ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ എല്ലാം കെട്ടു പിണഞ്ഞ് കിടക്കുന്നു. സെക്‌സി ദുർഗ, ലിപ്സ്റ്റിക് അണ്ടർ മൈ ബുർക്ക, ഉഡ്ത പഞ്ചാബ്,… ഒരു വിഭാഗത്തിന്റെ അപ്രിയങ്ങൾക്ക് പാത്രമായി വെട്ടിയരിയാൻ ശ്രമിച്ച ചിത്രങ്ങൾ. സ്വന്തം അഭിപ്രായം പറഞ്ഞതിന് സോഷ്യൽ മീഡിയയിലെ സൈബർ പോരാളികൾ വളഞ്ഞിട്ട് ആക്രമിച്ച നടൻ ആമിർ ഖാൻ, ഷാരൂഖ് ഖാൻ, സ്വന്തം ചിത്രത്തിന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിൽ പോലും ഒരു കലാകാരന് അവകാശമില്ലെന്ന് കണ്ട് മറ്റൊരു നാട്ടിൽ കിടന്ന് മരിക്കേണ്ടി വന്ന എം എഫ് ഹുസൈൻ, ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത എത്രയോ പേർ ഈ ആൾക്കൂട്ട അസഹിഷ്ണുതയ്ക്ക് ഇരകളായവർ.
Journalist killed

സ്വാതന്ത്ര്യവും രാജ്യദ്രോഹവും എവിടെ ഏത് അതിർ വരമ്പിലെന്ന് തിരിച്ചറിയാതെ കടന്നുപോകുന്ന നിലവിലെ ഇന്ത്യൻ സാഹചര്യത്തിൽ സ്വദേശാഭിമാനിയെ ഓർക്കുന്നത് വാക്കുകളെ രാകി മിനുക്കി പേനയുടെ മൂർച്ച കൂട്ടാൻ സഹായിക്കും. ആയിരം വാളുകൾ തലയറുത്തിട്ടാലും പിന്നെയും മുളച്ചു പൊന്തുന്ന രാവണ ശിരസ്സ് പോലെ അവ വീണ്ടും ഉയിർത്തെഴുന്നേറ്റ് ചിലച്ചുകൊണ്ടേയിരിക്കും…

ഇത്തരം കൗതുകമുണർത്തുന്ന ലേഖനങ്ങൾ ഇനിയുമുണ്ട് അറിവുകളുടെ കലവറയിൽ

freedom of expression

ഈ അറിവ് പുതുതാണോ, എങ്കിൽ സുഹുത്തുക്കളുമായി ഷെയർ ചെയ്യൂ... ❤