FACTS

ഇന്ത്യയിലെ പിറന്നു വീഴുന്ന ഓരോ പെൺ കുട്ടിയും കടപ്പെട്ടിരിക്കുന്നത് ഈ സ്ത്രീയോടാണ്

ഇന്ത്യയിലെ പിറന്നു വീഴുന്ന ഓരോ പെൺ കുട്ടിയും കടപ്പെട്ടിരിക്കുന്നത് ഈ സ്ത്രീയോടാണ് August 27, 2017
Bhanwari-Devi-social-worker

സ്വന്തം അമ്മയുടെ ഉദരത്തിൽ പോലും സ്ത്രീ സുരക്ഷിതയല്ലാത്ത
കാലഘട്ടത്തിലൂടെയാണ് നാം കടന്ന് പോവുന്നത്. വീട്ടിൽ, തൊഴിലിടങ്ങളിൽ,
വിദ്യാലയങ്ങളിൽ തുടങ്ങി ഓടുന്ന വണ്ടിയിലും നടുറോഡിലും വരെ സ്ത്രീ
ബലാത്സംഗങ്ങൾക്കും, പീഡനത്തിനും ഇരയാവുന്നു. പ്രായഭേതമന്യേ, കുട്ടികൾ
മുതൽ വൃദ്ധർ വരെ ദിനം പ്രതി പീഡിപ്പിക്കപ്പെടുകയാണ്. സൗമ്യ, ജിഷ തുടങ്ങി
കൊച്ചിയിലെ യുവനടി വരെ എത്തി നിൽക്കുന്നു കേരളത്തിലെ പീഡനക്കേസുകൾ.

പലപ്പോഴും പീഡനക്കുറ്റത്തിന് കേസെടുത്തു എന്ന് നാം ടിവിയിലൂടെയും പത്രങ്ങളുലൂടെയുമെല്ലാം കണ്ടും വായിച്ചും കേട്ടിട്ടുണ്ട്. എന്നാൽ എങ്ങനെയാണ്, എന്ന് മുതലാണ് സ്ത്രീകൾക്കെതിരെയുള്ള പീഡനം കുറ്റകരമായി നിയമം അനുശാസിക്കാൻ തുടങ്ങിയത് എന്നതിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ ?
ഇല്ലെങ്കിൽ ചിന്തിക്കണം…അറിയണം…ഇന്ത്യയിലെ പീഡന നിയമത്തിന് വഴി
തെളിച്ച ആ ദാരുണ ബലാത്സംഗത്തെ കുറിച്ച്….നീതിക്കായി പോരാടിയ ആ ധീര
വനിതയെ കുറിച്ച്….

ഭൻവാരി ദേവി എന്ന ഉരുക്ക് വനിത

Bhanwari-Devi-India

അന്ന് ഭൻവാരി ദേവി തന്റെ നീതിക്കായി പോരാടിയില്ലായിരുന്നു എങ്കിൽ ഒരു
പക്ഷേ പീഡനം നിയമപരമായ കുറ്റമായി കണക്കാക്കാൻ പിന്നെയും ഒരുപാട് നാൾ
കാത്തിരിക്കേണ്ടി വന്നേനെ.

രാജസ്ഥാനിലെ ഒരു ഉൾ ഗ്രാമമണ് ഭൻവാരി ദേവിയുടെ സ്വദേശം. ഏതൊരു ഉൾനാടൻ
ഗ്രാമത്തിലെയും പോലെ ഭൻവാരി ദേവിക്കും പഠിപ്പോ വിദ്യാഭ്യാസമോ നൽകിയിരുന്നില്ല.
വെറും അഞ്ച് വയസ്സ് മാത്രം പ്രായമുള്ളപ്പോഴാണ് ഭൻവാരി
വിവാഹിതയാകുന്നത് !! എട്ട് വയസ്സുകാരൻ ആയിരുന്ന മോഹൻലാൽ പ്രജാപത്
ആയിരുന്നു ഭൻവാരിയുടെ വരൻ.

എന്നാൽ മറ്റ് പെൺകുട്ടികളെ പോലെ ഒതുങ്ങി ഉൾവലിഞ്ഞ് നിൽക്കുന്ന പ്രകൃതമായിരുന്നില്ല ഭൻവാരിയുടേത്. ചെറുപ്പം മുതൽ തന്നെ അയിത്തം, ബാലവിവാഹം, വിവേചനം തുടങ്ങിയ സാമൂഹ്യ പ്രശ്‌നങ്ങൾക്കെതിരെ ശബ്ദം
ഉയർത്തിയിരുന്നു. സ്ത്ര ശബ്ദം ഉയർന്ന് കേൾക്കുന്നത് അന്നും ഇന്നും
പുരുഷന് കലിയാണല്ലോ. ഭൻവാരി ദേവിയെ നാട്ടിലെ പുരുഷ സമൂഹം അവഗണിച്ച്
തുടങ്ങി. ഒരിക്കൽ വെറും 9 മാസം മാത്ര പ്രയമുള്ള കുഞ്ഞിന്റെ വിവാഹം
നടത്താൻ ഒരുങ്ങി കുടുംബത്തെ അതിൽ നിന്നും പിന്തിരിപ്പിക്കുന്നത് വഴി ആ
വിവാഹം നിർത്തിയതോടെ ഭൻവാരിയോടുള്ള അവഗണന വെറുപ്പായി മാറി.

എല്ലാം കീഴ്‌മേൽ മറിയുന്നു….

അന്നും പതിവ് പോലെ ഭൻവാരി തന്റെ ഭർത്താവിനൊപ്പം പണിക്ക് പോയി.
ഭർത്താവിനൊപ്പം വയലിൽ പണിയെടുക്കുന്നതിനിടെ ഒരു സംഘം ആളുകൾ ഇരുവരെയും
അക്രമിച്ചു. ഒരു സംഘം ഭർത്താവിനെ മർദ്ദിച്ചപ്പോൾ, മറ്റൊരു സംഘം ഭൻവാരിയെ
ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. ഭൻവാരിയുടെ കരച്ചിലുകളും,
അപേക്ഷകളുമൊന്നും അവരുടെ കാമവെറിപൂണ്ട കാതുകളിൽ പതിച്ചില്ല….

ഗ്രാമത്തിലെ സ്ത്രീകളുടെ നന്മയ്ക്കായും ഉന്നമനത്തിനായും പ്രവർത്തിച്ചു
എന്ന ഒറ്റക്കാരണം കൊണ്ട് തന്നെ ആ ക്രൂര കൃത്യത്തിനുനേരെ ഗ്രാമവാസികൾ
കണ്ണടച്ചു. തുറന്ന വയലിൽ സ്വന്തം ഭർത്താവിന്റെ മുന്നിൽവെച്ച് ഗ്രാമത്തലവൻ
ഉൾപ്പെട്ട ഒരു സംഘം ആളുകളാൽ പീഡിപ്പിക്കപ്പെട്ടിട്ടും, ഭൻവാരിയെ
സഹായിക്കാനോ, രക്ഷപ്പെടുത്താനോ ആരും എത്തിയില്ല എന്നത് സംഭവത്തിന്റെ ഭൂതി
വർധിപ്പിക്കുന്നു.

തോറ്റു കൊടുക്കാൻ തയ്യാറല്ല….

മാനസീകമായും ശാരീരികമായും തളർന്നിരിക്കുകയായിരുന്നെങ്കിലും,
തോറ്റുകൊടുക്കാൻ ഭൻവാരി ദേവിയോ ഭർത്താവോ തയ്യാറായിരുന്നില്ല. സംഭവം
നടന്ന് അന്ന് രാത്രി തന്നെ ഭൻവാരിയും ഭർത്താവും അടുത്തുള്ള പോലീസ്
സ്‌റ്റേഷനിൽ പോയി അക്രമികൾക്കെതിരെ കേസ് കൊടുത്തു. മനസ്സില്ലാ
മനസ്സോടെയാണെങ്കിലും പോലീസുകാർ പരാതി സ്വീകരിച്ചു.

എന്നാൽ പൗരന്മാർക്ക് സംരക്ഷണം നൽകേണ്ട നിയമപാലകരിൽ നിന്നും ബൻവാരി ദേവിക്ക് അനുഭവിക്കേണ്ടി വന്നത് അതിലും വലിയ മാനസീക പീഡനങ്ങളായിരുന്നു…
പീഡനം നടന്നതിന് തെളിവായി ഭൻവാരി അണിഞ്ഞിരുന്ന ലഹംഗ പോലീസ് സ്‌റ്റേഷനിൽ സമർപ്പിക്കാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. ഏറെ മടിച്ച്
ഭൻവാരി താൻ അണിഞ്ഞിരുന്ന ലഹംഗ പോലീസ് സ്‌റ്റേഷനിൽ ഊരി നൽകി. ശേഷം
ഭർത്താവിന്റെ ചോരയിൽ കുതിർന്ന ടർബൻ തുണി പുതച്ചാണ് രാത്രി ഒരു മണിക്ക്
ഭൻവാരി വീട്ടിലേക്ക് മടങ്ങിയത്.
Bhanwari Devi family

കേസ് കോടതിയിൽ എത്തിയെങ്കിലും പ്രതികളെ ശിക്ഷിക്കാൻ കോടതിയും
കൂട്ടാക്കിയില്ല. അതിന് ജഡ്ജി കണ്ടെത്തിയ കാരണങ്ങൾ ഇവയാണ് :

 • ഗ്രാമത്തലവന് പീഡിപ്പിക്കാൻ സാധിക്കില്ല
 • പലജാതിയിൽപ്പെട്ടവരാണ് സംഘത്തിൽ ഉണ്ടായിരുന്നത് എന്ന് കൊണ്ട്, അവർക്ക്
  ഭൻവാരിയെ പീഡിപ്പിക്കാൻ സാധിക്കില്ല
 • 60-70 വയസ്സുള്ള പുരുഷന് പീഡിപ്പിക്കാൻ സാധിക്കില്ല
 • സംഘത്തിൽ ഒരു അമ്മാവനും-മരുമകനും ഉണ്ടായിരുന്നു. ബന്ധുവിന്റെ
  മുന്നിൽവെച്ച് ആർക്കും പീഡിപ്പിക്കാൻ സാധിക്കില്ല
 • ഉയർന്ന ജാതിയിൽപ്പെട്ട പുരുഷന് താഴ്ന്ന ജാതിയിൽപ്പെട്ട ഭൻവാരിയെ
  പീഡിപ്പിക്കാൻ സാധിക്കില്ല.
 • ഭൻവാരിയുടെ ഭർത്താവിന് പീഡനം കണ്ടു നിക്കാൻ സാധിക്കാത്തത് കൊണ്ട് തന്നെ
  പീഡനം നടന്നിരിക്കാൻ വഴിയില്ല

കോടതിയുടെ ഇത്തരം പ്രസ്ഥാവനകൾ രാജ്യമൊട്ടുക്ക് ശ്രദ്ധ പിടിച്ചു പറ്റി.
ഭൻവാരി ദേവിയുടെ നീതിക്കായി രാജ്യമൊട്ടാകെ സ്ത്രീകൾ സംഘടിച്ചു.

വിശാഖ മാർഗ്ഗനിർദ്ദേശങ്ങൾ

ദേശിയ വനിത കമ്മീഷൻ ഭൻവാരി ദേവിയുടെ കേസിൽ തുടരന്വേഷണം വേണമെന്ന ആവശ്യം ഉന്നയിച്ച് ചീഫ് ജസ്റ്റിസിന് കത്തയച്ചു. ഭൻവാരി ദേവി മാധ്യമ ശ്രദ്ധയും,
ലോക ശ്രദ്ധയും പിടിച്ചുപറ്റി. അന്നത്തെ പ്രധാന മന്ത്രി നരസിംഹ റാവു
ഭൻവാരിക്ക് 25000 രൂപ നൽകുകയുണ്ടായി. കൂടാതെ 40000 രൂപയും, വീടുവയ്ക്കാൻ
ഉള്ള സ്ഥലവും സർക്കാർ വക സൗജന്യമായി ലഭിച്ചു. ഇതിന് പുറമേ ധീരതയ്ക്കുള്ള
നീർജ ഭാനോട്ട് പുരസ്‌കാരവും ഭൻവാരിയെ തേടി എത്തി.

എന്നാൽ ഭൻവാരിക്ക് നഷ്ടപ്പെട്ടതിന് തുല്യമാകുമോ അത് ? ഭൻവാരി നിയമയുദ്ധം
തുടർന്നു. എന്നാൽ കാലങ്ങൾ കഴിഞ്ഞു. അതിനുള്ളിൽ കേസിൽ പ്രതി ചേർക്കപ്പെട്ട
രണ്ടുപേർ മരിച്ചു. കാലമേറെ കഴിഞ്ഞതുകൊണ്ട് തന്നെ കേസിലെ ചില വിവരങ്ങൾ
ഭൻവാരിയുടെ ഓർമ്മയിൽ നിന്നും മാഞ്ഞ് പോയി.

ഭൻവാരി ദേവിയുടെ ഈ കേസാണ് 1997 ൽ സുപ്രീം കോടതി പുറപ്പെടുവിച്ച വിശാഖ
മാർഗനിർദ്ദേശങ്ങൾക്ക് വഴിയൊരുക്കിയത്. ഇതാണ് ഇന്ത്യയിലെ ലൈംഗിക പീഡന
നിയമമായി മാറുന്നതും. കഴിഞ്ഞ 2 പതിറ്റാണ്ടുകളായി നീതിക്ക് വേണ്ടി
പോരാടുകയാണ് ഭൻവാരി. തനിക്ക് നീതി ലഭിക്കുമെന്ന പ്രതീക്ഷയിൽ, തന്റെ
കണ്ണീരും, അപേക്ഷയും ചെവികൊള്ളാത്ത ആ പിശാചുകൾക്ക് ശിക്ഷ ലഭിക്കുമെന്ന
പ്രതീക്ഷയിൽ ഇന്നും ജീവിക്കുകയാണ് ഭൻവാരി…..

ഇത്തരം കൗതുകമുണർത്തുന്ന ലേഖനങ്ങൾ ഇനിയുമുണ്ട് അറിവുകളുടെ കലവറയിൽ

ഈ അറിവ് പുതുതാണോ, എങ്കിൽ സുഹുത്തുക്കളുമായി ഷെയർ ചെയ്യൂ... ❤